മൂന്നാർ: മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളിൽനിന്ന് ജൂലൈ മുതൽ ഹരിത സെസ് ഈടാക്കാൻ പഞ്ചായത്തു നടപടിതുടങ്ങി. മൂന്നാർ പഞ്ചായത്തിന് ഒരു വർഷം മാലിന്യ നിർമാർജനത്തിനായി രണ്ടു കോടിയോളം രൂപ ചെലവാകുന്നുണ്ട്.
ഇതിന്, പഞ്ചായത്ത് തനതു ഫണ്ടിൽനിന്ന് പണം കണ്ടെത്തണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിത സെസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. സഞ്ചാരികൾ അലക്ഷ്യമായി മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നും പഞ്ചായത്ത് കണക്കു കൂട്ടുന്നു.
ദേവികുളം പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി മൂന്നാറിന്റെ പ്രവേശന കവാടങ്ങളിൽ മൂന്നിടത്ത് ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിക്കും. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, മൂന്നാർ - തേനി, മൂന്നാർ - ഉടുമൽപേട്ട എന്നീ അന്തർ സംസ്ഥാന പാതകളിലുമാണ് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളിൽ ഏറിയ പങ്കും ദേവികുളം പഞ്ചായത്തിന്റെ പരിധിയിൽവരുന്ന പാതയിലൂടെയാണ് മൂന്നാറിലെത്തുന്നതെന്നതിനാലാണ് ദേവികുളം പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് മാതൃകയിൽ ഫീസ് ഈടാക്കാനാണ് പദ്ധതി. ഇതിനായുള്ള സ്റ്റിക്കറുകൾ തയാറാക്കി വരികയാണ്. ഇ - പാസ് നൽകാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. തുക ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ചെറിയ ഒരു തുക മാത്രമേ സഞ്ചാരികൾക്ക് നൽകേണ്ടി വരികയുള്ളുവെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ പറഞ്ഞു.
ദേവികുളം പഞ്ചായത്തും നിയന്ത്രണം ആലോചിക്കുന്നു
മൂന്നാറിനു പിന്നാലെ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളുമായി ദേവികുളം പഞ്ചായത്തും രംഗത്തെത്തിയിട്ടുണ്ട്. 30 പേരിൽ കുടുതലാളുകൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പ്രവേശനം വിലക്കാനുള്ള നടപടികളാണ് പഞ്ചായത്ത് ആലോചിക്കുന്നത്.
30ൽ കൂടുതൽ യാത്രക്കാരുമായിവരുന്ന വലിയ വാഹനങ്ങൾ മറ്റെവിടെയങ്കിലും പാർക്കു ചെയ്യണം. അവിടെനിന്ന് ചെറിയ വാഹനങ്ങളിൽ മാട്ടുപ്പെട്ടിയിൽ എത്തണം. ചെറിയ വാഹനങ്ങൾക്കുള്ള തുക പഞ്ചായത്ത് നിശ്ചയിക്കും. സഞ്ചാരികൾ മാട്ടുപ്പെട്ടി ഭാഗത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ടൂറിസം കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ. കോവിലൂർ, വട്ടവട തുടങ്ങിയ പ്രദേശങ്ങൾ മാട്ടുപ്പെട്ടി ഗ്രാമപഞ്ചായത്തിനു കീഴിലാണ് വരുന്നത്. മൂന്നാറിൽനിന്നു മാട്ടുപ്പെട്ടിവഴി യാത്രചെയ്തു വേണം ഈ സ്ഥലങ്ങളിൽ എത്തുവാൻ. മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയാണ് എല്ലാ വാഹനങ്ങളും കടന്നുപോകുന്നത്.
ഡാമിനു മുകളിലൂടെ ഒരുസമയം ഒരുവാഹനത്തിനു കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. തിരക്കേറിയ സമയങ്ങളിൽ വലിയ ബസുകൾ പാലത്തിലൂടെ കടന്നുപോകുന്നതിന് സമയം കൂടുതലെടുക്കുമെന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. വാഹനങ്ങൾക്ക് ഇ- പാസ് ഏർപ്പെടുത്തുവാനും പഞ്ചായത്തിന് ആലോചനയുണ്ട്. ഇത് നടപ്പിലാകുകയാണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും മാത്രമേ മാട്ടുപ്പെട്ടിയിൽ സന്ദർശനം നടത്താനാവൂ.